
മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയിരുന്നത്. തങ്ങൾ കൊന്നത് നരഭോജിയെ അല്ല എന്ന് മാസങ്ങളായി ആ കടുവയെ പിന്തുടരുകയും, പഠിക്കുകയും ചെയ്തു വന്നിരുന്ന കിസ്തിമയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ ലിവ്സണിനു അതിനേക്കാൾ വിശ്വാസമുള്ള ഒരാൾ അദ്ദേഹത്തിന്റെ വേട്ടസംഘത്തിൽ തന്നെയുണ്ടായിരുന്നു. ഗൂഗൂലൂ എന്നായിരുന്നു അയാളുടെ പേര്. ഈ വിചിത്രമായ പേര് കേട്ട് കൂടെയുണ്ടായിരുന്നവർക്ക് ചിരിപൊട്ടി. ഇത്തരം ഒരു പേര് ഇന്ത്യയിൽ വെച്ച് അവർ മുൻപ് ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല.