
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ റ്റാപ്പേർഴ്സ് ആയ സെറിഗെയ്റൂസ് റബ്ബർ മരങ്ങൾ നിൽക്കുന്ന ഉൾക്കാടുകളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. അവരെ അവിടെ കൊണ്ടെത്തിക്കുവാനുള്ള ഒരു ബോട്ട് ഉടൻ തന്നെ ഹെമാച്ചേ ജെ മാലിസിൽ എത്തിച്ചേരുമെന്ന് കേട്ടതോടെ അതിൽക്കയറിക്കൂടുവാൻ ലാംഗ തയ്യാറെടുത്തു. ഇത്തക്കുവായി നദിയുടെ മുകൾ ഭാഗത്തേക്ക്, അതായത് കൂടുതൽ ഉള്ളിലേക്ക് പോകുവാനാണ് ലാംഗ ഉദ്യേശിക്കുന്നത്. കൂടാതെ ആ ഭാഗങ്ങളിലെല്ലാം തന്നെ ഒട്ടനവധി സെറ്റില്മെന്റുകളും, റബ്ബർ ധാരാളം നിൽക്കുന്ന കാടുകളുമുണ്ട്. അതെല്ലാം കാണുക, അനുഭവിക്കുക, ഇതൊക്കെയാണ് ഓക്കെ അൽഗോട്ട് ലാംഗയുടെ ലക്ഷ്യം.