
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ എന്തൊക്കെ തരം ജീവികളാണ് ഉള്ളതെന്നായിരുന്നു ലാംഗ എപ്പോഴും ചിന്തിച്ചിരുന്നത്. എന്നാൽ അസാമാന്യവലിപ്പമുള്ള ഒരുതരം പാമ്പ് ഈ ഭാഗങ്ങളിൽ ധാരാളമുണ്ടെന്ന് കേട്ടതോടെ ലാംഗയ്ക്ക് ആവേശമായി. ചില കഥകൾ കൂടി കേട്ടതോടെ അത്തരം ഒരെണ്ണത്തിനെ കണ്ടെത്തി കൊല്ലണമെന്ന് ലാംഗയ്ക്ക് തോന്നിത്തുടങ്ങി.