
1697 നവംബർ 18 ന് കോഴിക്കോടൻ തീരത്തുള്ള വെള്ളിയാംകല്ലിന് സമീപത്ത് നിന്നും സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് റൂപ്പറൽ എന്ന് പേരുള്ള ഒരു കപ്പൽ പിടികൂടുകയും, ഭൂരിഭാഗം നാവികരെയും ബോട്ടിൽ ഇറക്കിവിട്ടശേഷം അതിന്റെ പേര് നവംബർ എന്നാക്കി മാറ്റി കപ്പൽ തങ്ങളുടെ കൈവശം വെയ്ക്കുകയും ചെയ്തു. ഇനി കിഡിനു വേണ്ടത് പുതിയ കപ്പലായ നവംബറിലേക്ക് കൂടുതൽ നാവികരെയാണ്. കൂടാതെ ഇപ്പോൾ കപ്പലിൽ ഉള്ള കുഴപ്പക്കാരെ എവിടെയെങ്കിലും ഇറക്കി വിടുകയും ചെയ്യണം. അതിന് പറ്റിയ ഒരു സ്ഥലം മലബാർ തീരത്ത് തന്നെ കുറേക്കൂടി തെക്കോട്ട് മാറി തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് Smuggler’s Den അല്ലെങ്കിൽ കൊള്ളക്കാരുടെ തുറമുഖം എന്നറിയപ്പെട്ടിരുന്ന ഒരു സ്ഥലം മലബാർ തീരങ്ങളിൽ ഉണ്ടായിരുന്നു. കല്ലികോയ്ലോൺ (Kalliquilon) എന്ന പേരിലാണ് യൂറോപ്പിൽ ആ സ്ഥലം അറിയപ്പെട്ടിരുന്നത്.