
അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ പിന്നീടാരും ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ചു നന്റക്കറ്റിൽ എത്തിച്ചേരുക എന്നത് വില്ല്യം ക്യാരിക്ക് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു.