വെനിസ്വേലയിൽ ട്രമ്പ് നടത്തിയ കടന്നുകയറ്റം എങ്ങനെ Trump Corollary യുടെ ഭാഗമാകുന്നു ?ഈ കടന്നുകയറ്റത്തിലുള്ള ചൈനീസ് ഘടകം എന്താണ് ?അമേരിക്കൻ എണ്ണക്കമ്പനികളുടെ ചട്ടുകമോ ട്രമ്പ് ?ഹ്യൂഗോ ചാവേഴ്‌സിന്റെ ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് ഏകോപനമെന്ന സ്വപ്നം എന്തുകൊണ്ട് സാക്ഷാത്കരിക്കപ്പെട്ടില്ല ?അമേരിക്കയ്ക്ക് വെനിസ്വേലൻ ജനതയുടെ മുന്നിൽ അടിതെറ്റുമോ ?അമേരിക്ക വീണ്ടും ഉക്രൈനെ അനാഥമാക്കിയോ ?ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ അവഗാഹമുള്ള ഡോക്ടർ . പി . രവീന്ദനാഥൻ ( Department of Geopolitics and International Relations , Manipal Academy of Higher Education ) എസ് . ഗോപാലകൃഷ്ണനുമായുള്ള സംഭാഷണത്തിൽ വിശദീകരിക്കുന്നു .
വടക്കേയിന്ത്യയിലെ നാലുസംസ്ഥനങ്ങളിൽ ജീവയോഗ്യമാം വിധം ഭൗമശാന്തി നിലനിർത്തുന്നതിൽ സുപ്രധാനപങ്കു നിർവഹിക്കുന്ന മലനിരകളാണ് 'അരാവല്ലി'. 2025 അവസാനം, ഡിസംബർ ഇരുപത്തൊൻപതാം തീയതി ഈ ഗിരിനിരകളെ ആദരിക്കുന്ന ഒരു തീരുമാനം ഇന്ത്യയുടെ സുപ്രീം കോടതി കൈക്കൊണ്ടു. ആ വിഷയമാണ് 2026 എന്ന പുതുവർഷത്തിൽ ദില്ലി ദാലി ആദ്യമായി അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റ്. സഹ്യപർവ്വതനിരകളാൽ സംരക്ഷിക്കപ്പെടുന്ന മലയാളികളുടെ ജീവിതത്തിന് വളരെയേറെ പഠിക്കാനുണ്ട്, അരാവല്ലിയുടെ മനുഷ്യാസൂത്രിതനാശത്തിന്റെ പാഠങ്ങളിൽ നിന്നും.അന്താരാഷ്ട്ര -ഇന്ത്യൻ പാരിസ്ഥിതിക നിയമങ്ങളിൽ അവഗാഹമുള്ള അഭിഭാഷക ശ്യാമ കുര്യാക്കോസുമായി എസ് . ഗോപാലകൃഷ്ണൻ നടത്തിയ സംഭാഷണത്തിലേക്ക് സ്വാഗതം.'മലനിരകളും ഇന്ത്യൻ കോടതികളും'
1939 ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയതാണ് മുസ്തഫ കമാൽ പാഷയുടെ ജീവചരിത്രം.ആദ്യമായി അത് ഇപ്പോൾ മലയാളത്തിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.തുർക്കി ജനതയെ ആധുനീകരിക്കാൻ ശ്രമിച്ച കമാൽ അത്താതുർക്കിനെ ആദരത്തോടെ കാണുന്ന ഈ ജീവചരിത്രം ഇന്നത്തെ ഇന്ത്യയിലെ , കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ പ്രസക്തമാണ്. 'ബഷീറിന്റെ കമാൽ എന്ന പുസ്തകവും ഖിലാഫത്ത് പ്രസ്ഥാനവും ബഷീർ എന്ന പുരോഗാമിയും' എം എൻ കാരശ്ശേരിയുമായി സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.
This episode of the Dilli Dali Podcast is the full version of a long conversation with historian Ramachandra Guha at the Gandhi Fest in Vadakara held on October 4, 2025.Thanks to the organizers of the Gandhi Fest, 2025.
സാഹിത്യകാരിയും അദ്ധ്യാപികയുമായിരുന്ന ബി . സരസ്വതി തൊണ്ണൂറ്റിനാലാം വയസ്സിൽ ഡിസംബർ ഒന്നാം തീയതി അന്തരിച്ചു . ഇത് ദില്ലി -ദാലി യുടെ ആദരപോഡ്‌കാസ്റ്റ് ആണ് . അച്ഛൻ കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് ബി . സരസ്വതി എഴുതിയ സ്മരണകൾ, ' ഓർമ്മകൾ ചന്ദനഗന്ധം പോലെ' യുടെ ഒരു വായനാനുഭവമാണിത്.
സങ്കീർണ്ണമായ ഒരു ജീവിതസന്ദർഭത്തെ ലളിതസുഭഗമായ ആഖ്യാനത്തിലൂടെ മനോഹരമാക്കിയ ചലച്ചിത്രാനുഭവമാണ് പുതിയ മലയാളസിനിമയായ 'ഇത്തിരിനേരം'.സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ് , തിരക്കഥാകൃത്ത് വിശാഖ് ശക്തി എന്നിവരുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
കേരള കലാമണ്ഡലത്തിന്റെ ഇക്കൊല്ലത്തെ എം .കെ .കെ നായർ അവാർഡ് നേടിയ എം .ഡി . സുരേഷ് ബാബുവുമായി സംഭാഷണം. കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറിയായ സുരേഷ് ബാബു കഥകളി സംഘാടനത്തിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും, കഥകളിയരങ്ങിലുണ്ടായിട്ടുള്ള പുരോഗതികളെക്കുറിച്ചും കാണികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനയെക്കുറിച്ചും സംസാരിക്കുന്നു.
ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത് ?ബീഹാറിലെ സ്ത്രീകളുടെ 'മര്യാദാപുരുഷോത്തമ'നായി നിതീഷ് കുമാർ മാറുന്നുവോ ?എന്തുകൊണ്ട് 'വോട്ടുകൊള്ള' ആരോപണം ബീഹാറിൽ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയായില്ല ?ഏറ്റവും കൂടുതൽ വോട്ടുനേടിയ പാർട്ടിയായി RJD മാറുമ്പോഴും എന്തേ ഈ ഭീമൻ പരാജയം ഇന്ത്യാസഖ്യത്തിനുണ്ടായി ?ബീഹാറിലെ മുസ്ലിങ്ങൾ ആർക്കാണ് വോട്ടുചെയ്തത് ?ബീഹാറിലെ ഇടതുപക്ഷരാഷ്ട്രീയത്തിൻ്റെ ഭാവി ?ജയിച്ചത് നിതീഷ് പ്രഭാവമോ ? നിതീഷ് -മോദി പ്രഭാവമോ ? ബീഹാർ സമൂഹത്തേയും രാഷ്ട്രീയത്തേയും ആധികാരികമായി അവലോകനം ചെയ്യുന്ന ഒരു സംഭാഷണമാണ് പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ സംസാരിക്കുന്നു
പെണ്ണുങ്ങളുടെ രാമായണത്തിൽ ഏറ്റവും പ്രധാനം ബാലകാണ്ഡവും ഉത്തരരാമായണവുമാണ്.യുദ്ധകാണ്ഡമോ, സുന്ദരകാണ്ഡമോ, ആരണ്യകാണ്ഡമോ അതിൽ പ്രാധാന്യത്തോടെ വരാറില്ല.ചന്ദ്രബതീരാമായണത്തിൽ രാമനെ ശിലാഹൃദയനെന്നും പാപിയെന്നും വിളിയ്ക്കുന്നുണ്ട് . രാമൻ മാനസികനില തെറ്റിപ്പോയ ഭീരുവാണെന്നും ചന്ദ്രബതിയുടെ രാമായണത്തിൽ പറയുന്നു.വിവർത്തക പറയുന്നത് കുമാരനാശാൻ കൽക്കത്തയിലുണ്ടായിരുന്ന സമയത്ത് ചന്ദ്രബതീരാമായണത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകാമെന്നാണ്.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിഭാഷയിലുണ്ടായ ഈ പെൺരാമായണം മൂലഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത ഗീതാഞ്ജലി കൃഷ്ണനുമായുള്ള ഒരു സംഭാഷണമാണ് ഇത് .
ആകാശത്തിലെ മാരകനദികൾ
എന്തുകൊണ്ട് ചെറിയ സമയ മഴകളിൽ അതിഭീമവെള്ളം പെയ്തിറങ്ങുന്നു ?അദൃശ്യങ്ങളായ വൻ നദികൾ ആകാശത്ത് രൂപം കൊണ്ടിരിക്കുകയാണ് ഈർപ്പത്തിന്റെ ഈ മഹാശേഖരങ്ങളാണ് അവിചാരിതമായ മഹാമാരികൾ പെയ്യിക്കുന്നത്.പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .വാഷിംഗ്‌ടൺ പോസ്റ്റിൽ നവംബർ ഏഴാം തീയതി പ്രസിദ്ധീകരിച്ച The Deadly Rivers in the Sky എന്ന പഠനറിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് .
ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിലെ അസാധാരണരും പുതിയ വഴി വെട്ടിയവരും ധീരരുമായിരുന്ന പത്രപ്രവർത്തകരുടെ സംഭവനകളെക്കുറിച്ച് പി . രാംകുമാർ എഴുതിയ ന്യൂസ് റൂമിലെ ഏകാകികൾ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ്
ടി .എൻ . ശേഷൻ്റെ സംഭാവനകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു.അംബേദ്‌കർ പറഞ്ഞിട്ടുണ്ട് , ഭരണഘടനാസ്ഥാപനങ്ങൾ ഭയഭക്തിബഹുമാനങ്ങൾ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കരുതെന്ന്.ഗ്യാനേഷ് കുമാർ പ്രതീക്ഷിക്കുന്നതാകട്ടെ ഭക്തിയും !എന്തുകൊണ്ട് മൂന്നാം മോദി സർക്കാരിന്റെ തിരക്കഥ പാളിപ്പോകുന്നു ?ടി .എൻ . ശേഷന്റെ സ്വാതന്ത്ര്യനിർണ്ണയം എന്തുകൊണ്ട് ആ സ്ഥാപനത്തിന് നിലനിർത്താൻ കഴിഞ്ഞില്ല ?
ഓഗസ്റ്റ് ഏഴാം തീയതി രാജ്‌മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു.ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റ് .' എന്നും എപ്പോഴും മോഹൻ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ജീവിതപരിസരങ്ങളേക്കാൾ ഉയരമുള്ളയാളായിരുന്നു. ഹൃസ്വകാലത്തേക്ക് നോക്കിജീവിക്കാനല്ല ജീവിതം അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഹൃസ്വചക്രവാളങ്ങൾക്കപ്പുറത്തേക്ക് നോക്കിജീവിക്കാനാണ് 'പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
പ്രൊഫ : എം . കെ . സാനുവിനുള്ള ആദരപോഡ്‌കാസ്റ്റാണിത് .1976 ൽ അദ്ദേഹമെഴുതിയ 'നാരായണഗുരുസ്വാമി' എന്ന ജീവചരിത്രഗ്രന്ഥത്തിലെ പത്താമദ്ധ്യായമായ 'സന്ദേഹത്ൻ്റെ രശ്മികൾ ' പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് .മലയാളഭാഷയും മലയാളിസമൂഹവും എന്നും കടപ്പെട്ടിരിക്കുന്ന സാനുമാഷിന് ആദരാഞ്ജലി .
എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ?എഴുത്തുകാരി സാറാ ജോസഫ് സംസാരിക്കുന്നു.കാരുണ്യത്താൽ എന്നും സ്ത്രീപക്ഷത്ത്.എന്നും സ്വയം നവീകരിച്ചു.ആജീവനാന്ത റിബൽ.സൂര്യനെല്ലി , ഐസ് ക്രീം പാർലർ , വിതുര, കിളിരൂർ സ്ത്രീപീഡനകേസുകളുടെ വെളിച്ചത്തിൽ ,നിരവധി പരിസ്ഥിതിസമരങ്ങൾ, മിച്ചഭൂമിയ്ക്കായുള്ള സമരങ്ങൾ, ഒരിക്കലും പാർട്ടിയെ ഉപേക്ഷിക്കാത്ത ഉൾപാർട്ടി സമരങ്ങൾ, എന്നും പാവപ്പെട്ടവർക്കൊപ്പം...നിരവധി അനുഭവങ്ങളുടെ വെളിച്ചത്തിൽ സാറാ ജോസഫ് അസാധാരണനായ കമ്മ്യൂണിസ്റ്റുകാരൻ വി .എസ് . അച്യുതാനന്ദനെ അനുസ്മരിക്കുന്നു.
'ലോകചരിത്രത്തിലെ കൂട്ടക്കൊലകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇസ്രയേലിനെതിരേ മിണ്ടാതിരിക്കുകയും ചെയ്യുന്ന പാണ്ഡിത്യം അപലപനീയമാണ്. ഗസയിലെ കൂട്ടക്കൊലയ്ക്കുശേഷം ലോകത്തിലെ സർവകലാശാലകളിൽ ഇതുവരെ നടന്നതുപോലെയുള്ള GENOCIDE പഠനവും ഗവേഷണവും അസാദ്ധ്യമാകും.'Holocaust and Genocide ചരിത്രപണ്ഡിതനും , ഇസ്രയേലി-അമേരിക്കൻ ചരിത്രകാരനും ജൂതനുമായ പ്രൊഫസ്സർ Omer Bartov ജൂലായ് പതിനഞ്ചാം തീയതിയിലെ ന്യൂ യോർക്ക് ടൈംസിൽ എഴുതിയ ആധികാരികലേഖനത്തിന്റെ മലയാളപരിഭാഷയാണ് പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ' ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും 'സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
ദുൽകർ സൽമാൻ എം .കെ . ത്യാഗരാജഭാഗവതരായി അഭിനയിക്കുന്ന 'കാന്ത' എന്ന തമിഴ് സിനിമയുടെ റിലീസ് അടുത്തുവരികയാണ്.ഇന്നു രാവിലെ ഡൽഹിയിലെ മഴയിൽ വഴിനടക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ ഫോണിൽ നിന്നും 'മന്മഥലീലയെ വെണ്ട്റാർ ഉണ്ടോ' എന്ന ഗാനം കേൾക്കാനിടയായ സുഖവിസ്മയത്തിൽ നിന്നാണ് എം .കെ . ത്യാഗരാജഭാഗവതരെക്കുറിച്ചുള്ള ഈ ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഉണ്ടായത് .ആ ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ചരിത്രകാരൻ എം ജി എസ് നാരായണൻ 1993 ൽ എഴുതിയ ലേഖനമാണ് 'ശ്രീനാരായണന്റെ ചരിത്രദൗത്യം'. സ്വതന്ത്രവും തികച്ചും മൗലികവുമായ നിരീക്ഷണങ്ങളാൽ പ്രസക്തമായ ഈ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് ദില്ലി -ദാലി പുതുതായി ആരംഭിക്കുന്ന Readings from History പരമ്പരയിൽ .നാരായണഗുരുവിന്റേയും എം ജി എസ് നാരായണന്റെയും ഛായാരേഖകൾ പോഡ്‌കാസ്റ്റ് കവറിലേക്കായി അനുവദിച്ച ഇ .പി . ഉണ്ണിയുടെ സ്നേഹത്താൽ ഉദാരമായ മനസ്സിന് നന്ദി പറയുന്നു. എസ് . ഗോപാലകൃഷ്ണൻ
ഇന്ന് 2025 ജൂൺ 25 .1975 ലെ ജൂൺ മാസത്തിൽ ഇന്നേദിവസമാണ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് .അങ്ങനെയൊരു കടുംകൈ ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യേണ്ട സങ്കീർണ്ണ സാഹചര്യം ഇന്ദിരാഗാന്ധി രാജ്യത്തും പുറത്തും നേരിടുന്നുണ്ടായിരുന്നോ ?'അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : ഒരു പുനരാലോചന'.ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ ദില്ലി ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കത്തിലേക്ക് സ്വാഗതം .ഒരു ഓട്ടോറിക്ഷ ഡ്രൈവർ എനിക്കുനൽകിയ ഒരു ചരിത്രബാഹ്യജീവിതപാഠമാണ് ഇത്.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായതുകൊണ്ടല്ല 1984 ഒക്ടോബർ 31 എന്ന ദിവസം സതീഷ് ശർമ്മയ്ക്ക് നിർണായകമായത്.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ